Friday 1 February 2013

പുഴുജന്മം


കുകൂണിന്റെ ഭിത്തികൾ ഭേതിച്ച്, ചിറകുകൾ വിരിച്ച്
തുറന്ന ലോകത്തേക്ക് പറന്നു പോകുവാൻ വിസമ്മതിക്കുന്നു ഞാൻ...
കുകൂണിനുള്ളിലേ ഇളം ചൂടിന്റെ സുഖത്തിൽ മയങ്ങുവാൻ എന്തു രസമാണെന്നോ..!

Sunday 22 January 2012

ബിരിയാണി പാത്രത്തിലെ കൊടുങ്കാറ്റ്


പതിവ് പോലെ അന്നും ഞങ്ങൾ കൂടി,
വൈകുന്നേരത്തെ ഡിന്നർ ഡെലിബ്രേഷന്‌.
വേദി, പതിവുപോലെ ഇക്കയുടെ മെസ്സ് തന്നെ.
എന്നുമിരിക്കുന്ന വലിയ മേശക്ക് ചുറ്റും
ഇരുന്നു ഞങ്ങൾ അഞ്ചുപേർ,
ബുജിക്ക് പഠിക്കുന്ന ഞങ്ങൾ നാലുപേരും
ടീം ലീഡർ ഒന്നാംതരം ഒറിജിനൽ ബുജിയും.

‘ഇക്കാ, പോരട്ടെ അഞ്ച് ചിക്കൻ ബിരിയാണി’
ഓർഡർ എന്റെ വക.
‘അഞ്ചിൽ ഒന്ന് സ്പെഷ്യൽ’ ടീം ലീഡർ വക തിരുത്ത്.
അന്നത്തെ ചർച്ചയുടെ വിഷയം അദ്ദേഹം പ്രഖ്യാപിച്ചു:
‘Development and Displacement’
വിഷയത്തിന്റെ പ്രാസമൊപ്പിച്ചുള്ള രൂപഭംഗിയിൽ
ഞങ്ങൾ പുളകം കൊണ്ടു.

സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും നിരത്തി
സങ്കീർണ്ണവിഷയത്തിന്റെ ഊരാക്കുടുക്കുകൾ അഴിച്ചുതുടങ്ങവെ
ബിരിയാണി പാത്രങ്ങൾ ഞങ്ങൾക്ക് മുമ്പിൽ നിരന്നു.
ബിരിയാണിയിലെ കോഴിക്കാലിനായി പരതവെ
ഞങ്ങളുടെ ചർച്ചയുടെ ചൂടേറി.

“ഭൂരിപക്ഷത്തിന്റെ നന്മക്കായി ന്യൂനപക്ഷം ത്യാഗം ചെയ്യണം,
ഇതാണ്‌ പ്രകൃതി നിയമം”
മാംസളമായൊരു കോഴിക്കാല്‌ കൈയിൽ തടഞ്ഞതിന്റെ ആവേശത്തിൽ
ടീം ലീഡർ പ്രഖ്യാപിച്ചു.
ഈ വാക്കുകൾ എന്നിൽ സൃഷ്ടിച്ച രോമാഞ്ചത്തിനിടയിൽ
അവ നോട്ടുബുക്കിൽ കുറിച്ചിടുവാൻ ഞാൻ മറന്നില്ല.

Wednesday 18 January 2012

ഒരു ബ്ലാക്ക് & വൈറ്റ് പൂച്ച



ചാരുകസേരയിൽ കിടന്ന് കണ്ണുമടച്ച് ഞാൻ ആലോചനയിൽ മുഴുകി:
ആഗോളീകരണം, ആഗോള താപം, ആണുപ്രസരണം, സുനാമി
പിന്നെ, 2012 ഡിസംബറിലെ ലോകാവസാനം...
മനുഷ്യരാശിയെ രക്ഷിക്കുവാനുള്ള വഴികൾ ആലോചിക്കവെ ഉറങ്ങിപ്പോയി.




പിന്നീടെപ്പോഴോ കണ്ണുതുറന്നപ്പോൾ മുറിയുടെ മൂലയിൽ കിടന്നുറങ്ങുന്ന ഒരു പൂച്ചയെ കണ്ടു.
കറപ്പും വെളുപ്പും നിറമുള്ള ഒരു സുന്ദരൻ പൂച്ച.
കുറേ നേരം അവനെ നോക്കിയിരുന്നപ്പോൾ എന്റെ കണ്ണുകളിൽ സ്നേഹം തുളുമ്പി.
അവനെ മെല്ലെ എടുത്ത് മടിയിൽ കിടത്തവെ അവൻ എന്നെ ഒന്നു നോക്കി,
പിന്നെ സുഖമായി ഉറങ്ങി.

‘ഈയിടെയായി വികാരങ്ങളാണല്ലോ നിന്നെ നയിക്കുന്നത്.
ഇങ്ങനെ പോയാൽ നിന്റെ ഗതി അധോഗതി’
ഉണർന്നെണീറ്റ എന്റെ വിചാരം എന്നെ ശാസിച്ചു.
അപ്പോഴാണ്‌ ഓർമ്മ വന്നത്, ഞാൻ ഉടുത്തിരിക്കുന്ന മുണ്ട് പുത്തനല്ലേ,
അപ്പിയും മൂത്രവും പറ്റിയാൽ കഷ്ടമല്ലേ.
പൂച്ചയെ തിരികെ മുറിയുടെ മൂലയിൽ നിക്ഷേപിച്ച്
വീണ്ടും ഞാൻ ആലോചനയിലേക്ക് മടങ്ങി.
മടിയിൽ എന്തോ ഭാരം തോന്നി കണ്ണുതുറന്നപ്പോൾ വീണ്ടും അവൻ എന്റെ മടിയിൽ.
വയ്യാവേലിയായല്ലോ, വീണ്ടും അവനെ മുറിയുടെ മൂലയിൽത്തട്ടി.

ആലോചനയും ഉറക്കവും കഴിഞ്ഞ് വീണ്ടും കണ്ണുതുറന്നപ്പോൾ അവൻ അവിടെത്തന്നെയുണ്ട്.
വീണ്ടും എന്റെ കണ്ണുകളിൽ സ്നേഹത്തിന്റെ വേലിയേറ്റം.
അവനെ എടുക്കുവാനായി വീണ്ടും അവനെ സമീപിച്ചു.
ചാടി എണീറ്റ്, മുതുകു വളച്ച് ദേഷ്യത്തോടെ എന്തോ മുരണ്ടു കൊണ്ട് അവൻ മുറിവിട്ട് ഇറങ്ങിപ്പോയി.